മേൽപറമ്പ്: ചന്ദ്രഗിരി കോട്ടയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാവുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പദ്ധതി തയാറാക്കുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ നടത്തിപ്പിനും പരിപാലനത്തിനുമായി സംസ്ഥാന പുരാവസ്തു വകുപ്പിൽ നിന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് വിട്ടുനൽകിയ കോട്ട സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു കളക്ടർ.
പുരാവസ്തു പൈതൃക ഭംഗിക്ക് കോട്ടം തട്ടാതെ കോട്ടയ്ക്കുള്ളിലെ നടപ്പാതകളുടെയും ഇരിപ്പിടങ്ങളുടേയും അറ്റകുറ്റപണികള്‍ ഉടൻ പൂർത്തിയാക്കാനും കോട്ടയും പരിസരവും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും കളക്ടർ നിർദേശം നൽകി. കോട്ടയ്ക്കുള്ളിലുള്ള ചരിത്രപ്രാധാന്യമുള്ള കുളം നവീകരിച്ച് സംരക്ഷിക്കും.
സന്ദര്‍ശകര്‍ക്ക് വിശ്രമകേന്ദ്രങ്ങളും ശുചിമുറികളും ഒരുക്കും.കോട്ടയ്ക്കുള്ളിൽ വളർന്നുവന്ന കുറ്റിക്കാടുകൾ വെട്ടി മാറ്റുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും.വികസനപ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ചന്ദ്രഗിരി കോട്ടയേയും ബേക്കലിനൊപ്പം ഡെസ്റ്റിനേഷൻ വെഡിംഗ് ഉൾപ്പെടെയുള്ള ഇവന്റുകൾക്കുള്ള ഇടമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് കളക്ടർ പറഞ്ഞു.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എം.എ. നസീബ്, ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ അബൂബക്കർ, വൈസ് പ്രസിഡന്റ് ദിലീപ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, കുടുംബശ്രീ എഡിഎംസി ഡി. ഹരിദാസ്, ജില്ലാ നിർമിതി കേന്ദ്ര പ്രതിനിധി ഹൃഷിത് ശിവൻ എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.